July 16, 2007

ഘോഷയാത്ര

“എന്റെ ദുഖം സ്വന്തമായി ഒന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്.
വിശപ്പിനും മുന്നെ വേദനയാണെന്നെ കരയാന്‍ പഠിപ്പിച്ചത്..
ഭയം എന്താണെന്ന് പറഞ്ഞുതന്നത് വെളിച്ചമാണ്..ബോധം തെളിച്ചുതന്നത് ഇരുട്ടും..
എന്താണ് വാക്കുകളെന്ന് ഇനിയുമാരും പഠിപ്പിച്ചിട്ടില്ല!“

സിദ്ധാര്‍ത്ഥന്‍ പുലമ്പിക്കൊണ്ടേയിരുന്നു..
“എന്റെ ദുഖം സ്വന്തമായി ഒന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്..”

നേരം സന്ധ്യയോടടുക്കുന്നു..ഉണങ്ങിത്തുടങ്ങിയ ആല്‍മരത്തിനു ചുറ്റും ആളുകള്‍‍ കൂടിവരികയാണ്.
സിദ്ധാര്‍ത്ഥന്‍ അവിടെയാണിരിക്കുന്നത്..പുരുഷാരത്തിനു നടുവില്‍..അവന്‍ പുലമ്പിക്കൊണ്ടേയിരുന്നു..എന്നത്തേയും പോലെ!

സത്യാന്വേഷികളായ വിശ്വാസികളും അവിശ്വാസികളും മലയടിവാരത്തിലെ ഉണങ്ങിത്തുടങ്ങിയ ആല്‍മരത്തിനു ചുവട്ടിലേയ്കു പ്രവഹിക്കുകയാണ്..അവിടം ഒരു ജനസമുദ്രമായി മാറിയിരിക്കുന്നു..

പുതിയതായി അവനെ കാണാനെത്തിയവര്‍ക്ക് അഭിപ്രായങ്ങല്‍ പലതാണ്:
“മഹാ ജ്ഞാനിയായിരിക്കും”,
“സിദ്ധന്‍”
“ജഗദ്ഗുരു”
“പരമസാത്വികന്‍”
“ഹേയ്! വെറും ഭ്രാന്തന്‍”

സിദ്ധാര്‍ത്ഥന്‍ ഇതൊന്നും തന്നെ കേല്‍ക്കുന്നുണ്ടായിരുന്നില്ല. അവന്‍ എന്നത്തേയും പോലെ ദു:ഖത്തിലാണ്.
“പ്രഭോ..” ഒരു ഭക്തന്‍ എഴുന്നേറ്റു.
“അങ്ങേന്താണീ പറയുന്നത്? ഇവിടെ ഇതുപോലെ വിശപ്പും ദാഹവും സഹിച്ച്, മഴയും വെയിലും കൊണ്ട് അചന്ചലനായി ഉപവിഷ്ഠനാകുവാന്‍ അങ്ങ് സ്വയം പഠിച്ചതല്ലേ?”

“അപ്പോള്‍ പിന്നെ നിങ്ങളുടെ പ്രതീക്ഷകള്‍ മറ്റെന്താണ് എന്നെ പ്ഠിപ്പിച്ചത്?” സിദ്ധാര്‍ത്ഥന്‍ തിരികെ ചോദിച്ചു.
“ഗുരോ, കണ്ണും മനസ്സുമടച്ച്, കാഴ്ചകള്‍ക്കുമപ്പുറത്തെ അലൌകിക ലോകങ്ങളില്‍ വിഹരിക്കുവാന്‍ അങ്ങ് സ്വയം പഠിച്ചതല്ലേ?” മറ്റൊരു ഭക്തന്‍ ചോദിച്ചു.
“കല്ലുകള്‍ അതാണെന്നെ പഠിപ്പിച്ചത്” സിദ്ധാര്‍ത്ഥന്‍.

“സ്വന്തമായി ഒന്നും പ്ഠിച്ചിട്ടില്ലെന്ന് താങ്കള്‍ സ്വയം പഠിച്ചതല്ലെ?” ഒരുവിശ്വാസി വിജയഭാവത്തില്‍ ചോദിച്ചു.

“അല്ല, നിഴലുകളാണെന്നോടതു പറഞ്ഞത്” സിദ്ധാര്‍ത്ഥന്‍.

മൌനം..

സിദ്ധാര്‍ത്ഥന്‍ വീണ്ടും പുലമ്പുവാന്‍ തുടങ്ങി….
“സ്വന്തമായി ഒന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്……”

ഇരുള്‍ വീണുതുടങ്ങിയിരിക്കുന്നു…കുറവന്മലയിറങ്ങിവന്ന കാറ്റിന് രക്തവും കര്‍പ്പൂരവും കലര്‍ന്ന ഗന്ധമായിരുന്നു.

“ഗുരോ, എന്താണ് സത്യം?” ഭക്തന്‍

“കറുപ്പില്‍ നിന്നും വെളുപ്പിലേയ്ക്
വെളുപ്പില്‍ നിന്നും കറുപ്പിലേയ്ക്
ഇടയിലെവിടെയൊ ചുവപ്പ്,
പച്ചയും മഞ്ഞയും….” സിദ്ധാര്‍ത്ഥന്‍

മുഷിഞ്ഞ വസ്ത്രം ധരിച്ച്, താടിയും മീശയും മുടിയും നീട്ടിവളര്‍ത്തിയ ഒരു മെലിഞ്ഞ പയ്യന്‍ എഴുന്നേറ്റു. “നിങ്ങല്‍ ജ്ഞാനിയെങ്കില്‍ പറയുക, എന്താണ്‍ വിപ്ലവം?”

“വിശപ്പ്“ സിദ്ധാര്‍ത്ഥന്‍
അവന്‍ തൃപ്തനായെന്നു തോന്നുന്നു..

വീണ്ടും മൌനം..
സിദ്ധാര്‍ത്ഥന്റെ പുലമ്പല്‍..

ഇരുളിന്റെ സ്വാതന്ത്ര്യം സീമകളിലേയ്ക്കു വളര്‍ന്നു..
പുതിയ ലംഘനങ്ങളിലൂടെ പുതിയ അതിര്‍ത്തികളിലേയ്ക് അതു വീണ്ടും വളര്‍ന്നുകൊണ്ടേയിരിന്നു..

ചിരപരിചിതനായ ഒരു സുഹൃത്തിനെപോലെ നിദ്ര സിദ്ധാര്‍ത്ഥനെ തഴുകി..
അവര്‍ ആലിംഗനബ്ദ്ധരായി..

ഉറക്കത്തിലെപ്പോഴോ സിദ്ധാര്‍ത്ഥന്‍ ഒരു കവിത കേട്ടു..

“പിച്ചിച്ചീന്തിയ പൂവിതളുകള്‍ കൊണ്ട്
എന്റെയീ മരിച്ച ഹൃദയം
മറവുചെയ്യുക
പിന്നെ
ബലമുള്ള തഴുതുകളിട്ട് എന്റെ
വര്‍ത്തമാനത്തെ നീ തന്നെ ബന്ധിക്കുക!
ഒടുവില്‍,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍,
എന്റെ ചിതയില്‍ നിന്നു പുനര്‍ജ്ജനിക്കുന്നത്
നിന്റെ കാഴ്ചയാവട്ടെ!“

സിദ്ധാര്‍ത്ഥന്‍ വീണ്ടുമുറങ്ങി..പിന്നീടെപ്പോഴോ അവന്റെ (ഉപ)ബോധത്തിലേയ്ക് ഒരശരീരിയെത്തി:
“നിന്റെ ജനാലയ്കപ്പുറത്തെ വേഗക്കാഴ്ചകളില്‍
യുദ്ധവും രക്തവും കണ്ണുനീരും കണ്ട് നീ മടങ്ങുമ്പോള്‍‍
വഴിയമ്പലങ്ങളീല്‍ നിനക്കായി കാത്തിരുന്ന നിന്റെ മക്കള്‍‍ക്ക്
ഇത്തിരി വിശപ്പു നല്‍കുക”

അവന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു…

നിലാവും നക്ഷത്രങ്ങളുമുള്ള ഒരു (?) രാത്രിയ്കു ശേഷം അവനുണര്‍ന്നത് ഒരു ശവപ്പറമ്പിലേയ്ക്കായിരുന്നു. അവിടെ മരിച്ചവരുടെ ശവകുടീരങ്ങളില്‍ നിന്നും നിറങ്ങളുടെ ഘോഷയാത്ര പോകുന്നതവന്‍ കണ്ടു.
ഘോഷയാത്രയില്‍ ഒടുവിലത്തെയാളായി
സിദ്ധാര്‍ത്ഥനും ചേര്‍ന്നു..