April 15, 2008

എന്റെ നഗരത്തിലെ പുസ്തകച്ചന്ത..

എന്റെ നഗരത്തിലെ പുസ്തകച്ചന്ത
ശ്മശാനത്തിലേയ്ക്കുള്ള വഴിയരികിലാണ്..
തിരക്കുപിടിച്ച തെരുവിലൂടെ
ഓരോ ശവഘോഷയാത്രയും-
കടന്നു പോകുമ്പോള്‍
നായികമാരെ പുറന്താളിലേയ്ക്കാവാഹിച്ച്
നായകനമാര്‍ പ്രതീക്ഷയോടെ
പുറത്തേയ്ക്കു കണ്ണുംനട്ടിരിയ്ക്കും..

കഥാപാത്രങ്ങളെത്തന്നെ
കച്ചവടത്തിനിറക്കുകയാണത്രെ-
പുതിയ തന്ത്രം!

ഓരോ മരണവും തുറന്നുവിടുന്നത്
വില്‍പ്പനയുടെ അനന്ത സാധ്യതകളെയാണെന്ന്
ഒരുപക്ഷെ ആദ്യം തിരിച്ചറിഞ്ഞത്
നരച്ച കുപ്പായങ്ങള്‍ ധരിക്കുന്ന
എഴുത്തുകാര്‍ തന്നെയാവാം...!

ചന്തയില്‍ പുത്തനായെത്തിയ
പുസ്തകത്തിലെ ഒന്നാം പേജിലെ കയ്യൊപ്പ്
പ്രസാധകന്‍ സ്വന്തമാക്കിയപ്പോള്‍
വായനക്കാരെത്തേടിയലഞ്ഞ
നായികയെ കാക്കാതെ
ഒരു ചെറുപ്പക്കാരന്‍
നായകവേഷം വലിച്ചെറിഞ്ഞ്
ആള്‍ക്കൂട്ടത്തിലേയ്ക്കോടിമറഞ്ഞതിന്
ഞാനും സാക്ഷിയാണ്!

ഒടുവില്‍
അന്നത്തെയവസാന ശവമഞ്ചലും-
മറഞ്ഞ സന്ധ്യയില്‍
അവള്‍-നായിക-
നഗ്നയായി തിരിച്ചെത്തിയപ്പോഴേയ്ക്കും
ശൂന്യമായിക്കഴിഞ്ഞിരുന്ന വഴിയോരത്ത്
നനഞ്ഞുകുതിര്‍ന്ന അക്ഷരങ്ങള്‍ പുതച്ച്
വില്‍പ്പനക്കാരെല്ലാം ഉറക്കം പിടിച്ചിരുന്നു..

എന്റെ നഗരത്തിലെ
പുസ്തകച്ചന്ത
ശ്മശാനത്തിലേയ്ക്കുള്ള
വഴിചൂണ്ടിയാണ്..

ഒരു വിഷുക്കാല ചിന്ത..

നഗ്നയാക്കപ്പെട്ട-
കൊന്നമരങ്ങള്‍ക്കു കീഴില്‍
മൃതിയടഞ്ഞ പൂക്കള്‍ നിരത്തി
ആഘോഷങ്ങള്‍ തുടരുകയാണ്..
ഓലപ്പടക്കം,
പാളിപ്പടക്കം,
റോക്കറ്റ്,
അമിട്ടുകള്‍...
കൊന്നപ്പൂവുകള്‍ കൂടി
ചൈനയില്‍ നിന്നുമെത്തി-
യിരുന്നെങ്കില്‍,
വധശിക്ഷ കാത്തുകഴിയുന്ന
തടവുപുള്ളിയാവാതെ
എന്റെ,
ഏപ്രിലിന്റേയും
കൊന്നപ്പൂവുകള്‍ക്ക്
ജീവിച്ചു മരിക്കാമായിരുന്നു;
പൂത്തിരികളും
കൊരവപ്പൂക്കളും കണ്ട്...