August 11, 2007

മഴക്കാലത്തു കേട്ടത്..

മഴ..സൌന്ദര്യത്തിന്റെ സര്‍വ്വഭാവങ്ങളുമാവാഹിച്ച് ഭൂമിയുടെ ആത്മാവിലേയ്ക്കു പെയ്തിറങ്ങുന്ന മഴ.. ഇരുണ്ട ആകാശത്തെ കീറിമുറിച്ച് മറയുന്ന മിന്നല്‍ പിണരുകള്‍..മണ്ണിന്റെ ഗന്ധം..തവളകളോടു മത്സരിക്കാനെന്നവണ്ണം ഉറക്കെ കരയുന്ന ചീവീടുകള്‍..തണുത്തകാറ്റില്‍ ഇളകിയാടുന്ന തെങ്ങിന്‍ തളപ്പുകള്‍..കൂമ്പിപ്പോയ വാഴയിലകള്‍ക്കു കീഴിലിരുന്ന് ചിറകുകള്‍ കോതിയൊതുക്കുന്ന കാക്കകള്‍..മഴ..ഒരു പുണ്യം പോലെ ആത്മാവിലേയ്ക്കു പെയ്തിറങ്ങിക്കൊണ്ടേയിരുന്നു..മഴത്തുള്ളികള്‍ ചിതറിവീണുകിടക്കുന്ന നനഞ്ഞ വരാന്തയിലിരുന്ന് സിദ്ധാര്‍ത്ഥന്‍ അലസമായി മുറ്റത്തേയ്ക്കു നോക്കി..അവന്റെ കാതുകളില്‍ ആ വാക്കുകള്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു..ഉഷ്ണപകലുകളില്‍ നിന്നും അവന്‍ മോചിതനായത് ഇന്നലെ അസ്തമയത്തോടെ ആയിരുന്നു. ഗ്രീഷ്മാതിര്‍ത്തിയിലെ ഷൌരം ചെയ്യാത്ത കാവല്‍ക്കരനും, പൊടിപിടിക്കുകയും ചിതലരിക്കുകയും ചെയ്ത മരപ്പലകകള്‍ കൊണ്ടുള്ള ബഞ്ചുകളും, തുരുമ്പെടുത്ത പാളങ്ങളുമുള്ള ഒരു വൃത്തികെട്ട സ്റ്റേഷനില്‍ നിന്നാണ് സിദ്ധാര്‍ഥന്‍ മഴക്കാലത്തേയ്ക്കുള്ള തീവണ്ടി പിടിച്ചത്.ചൂട് തന്നിലെ അവസാന തുള്ളി ജീവാംശവും ഊറ്റിയെടുക്കുമെന്നു തോന്നിപ്പോയ ഘട്ടത്തിലാണ് ഈ നശിച്ച കാലം വിടണമെന്ന് അവന്‍ തീരുമാനിച്ചത്! പുതിയ കാലത്തിലേയ്ക്ക് ചേക്കേറാന്‍ നിശ്ചയിച്ചപ്പോള്‍ ആകെ ചിന്താക്കുഴപ്പമായിരുന്നു. പുതിയ വീട് വസന്തത്തിലോ ശിശിരത്തിലോ വേണമെന്നാണ് ആദ്യം തോന്നിയത്. വാടിയ പൂക്കളെപ്പറ്റിയും, പിന്നെ ചിലവുകളെപ്പറ്റിയും ഓര്‍ത്തപ്പോള്‍ വസന്തം വേണ്ട എന്നു തീരുമാനിച്ചു. ശിശിരത്തിലേയ്ക്കു പോവേണ്ട എന്നു പറഞ്ഞത് ആത്മസുഹൃത്തായ കണ്ണാടിയാണ്!റെയില് വേ സ്റ്റേഷനിലേയ്ക്കു നടക്കുമ്പോഴും സംശയമായിരുന്നു, ഏതു വണ്ടിയാണ് പിടിക്കേണ്ടത്?..ഒടുവില് വഴിയരികിലെ ആത്മാവു വില്‍പ്പനക്കാരനാണു പറഞ്ഞത്, രാത്രിവണ്ടികളിലാദ്യത്തേത് മഴക്കാലത്തിലേയ്ക്കണെന്ന്.. അതുകൊള്ളാമെന്ന് സിദ്ധാര്‍ത്ഥനും തോന്നി. വറ്റിവരണ്ട മനസ്സിലേയ്ക്ക്, മനസ്സിന്റെ നിത്യ ദാഹത്തിലേയ്ക്ക് കുളിരുമായി പയ്തിറങ്ങുന്ന മഴമേഘങ്ങളെ അവന്‍ സ്വപ്നം കണ്ടു.
അതെ! പുതിയവീട് മഴക്കാലത്തുതന്നെ. അവന്‍ തീരുമാനമെടുത്തു. മാര്‍ഗ്ഗം കാട്ടിയതിനു നന്ദി സൂചകമായി മഴക്കാലത്തിലേയ്ക്കു പറ്റുന്ന ഒരാത്മാവ് അവനും വാങ്ങി. പകരമായി ഗ്രീഷമത്തിലെ ആത്മാവൊഴികെ എന്തും സ്വീകരിക്കാമെന്ന് കച്ചവടക്കാരന്‍ പറഞ്ഞപ്പോള്‍ ചെറുപ്പം മുതല്‍ കൂടെയുണ്ടായിരുന്ന ഘടികാരം ഉപേക്ഷിക്കുവാന്‍ തന്നെ‍ തീരുമാനിച്ചു. പിന്നെ അവന്‍ നടന്നില്ല. റിക്ഷാസ്റ്റാന്‍ഡില്‍ നിന്ന്, ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരന്റെ സൌന്ദര്യമുള്ള വണ്ടിയില്‍ കയറി സിദ്ധാര്‍ത്ഥന്‍ തീവണ്ടിയാപ്പീസിലെത്തി. റിക്ഷാക്കരനു പകരം നല്‍കിയതു പൊട്ടാറായ കണ്ണടയായിരുന്നു (മഴക്കാലത്തെ കാഴ്ചകള്‍ തനിക്കു നേരിട്ടുകാണാനവുമെന്ന് പുതിയ ആത്മാവ് അവനോടു പറഞ്ഞിരുന്നോ?!)കറുത്ത പുക തുപ്പി, നീണ്ട ചൂളം വിളിയോടെ മഴക്കാലത്തിലേയ്ക്കുള്ള വണ്ടി വലിയ ഒരു കുലുക്കത്തേടെ ഞരങ്ങി നീങ്ങിത്തുടങ്ങിയപ്പോഴേയ്ക്കും സിദ്ധാര്‍ത്ഥന്‍ ഉറക്കത്തിലേയ്ക്കു വഴുതിവീണിരുന്നു. ഉണര്‍ന്നത് പുലര്‍ച്ചെ ഇവിടുത്തെ സ്റ്റേഷനിലാണ്. രത്രിമുഴുവന്‍ തോരാതെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയ്ക്കു ശേഷം, ഇടവിട്ടു വീശിയിരുന്ന ചെറിയ തണുത്ത കാറ്റേറ്റ്, വഴിയരികിലെ വാകമരങ്ങളില്‍ നിന്നും ചിതറിവീണ വെള്ളത്തുള്ളികളില്‍ നനഞ്ഞ്, കൊച്ചു പരല്‍ മീനുകള്‍ ധാരാളമുള്ള വെള്ളക്കെട്ടിനരികിലൂടെ, മഴമേഘങ്ങള്‍ക്കു കീഴിലെ പുതിയ വീട്ടിലെത്തിയപ്പൊഴേയ്ക്കും നല്ല വിശപ്പുണ്ടായിരുന്നു.വീടിനുമുന്നിലെ ചെറിയ നീര്‍ച്ചാലു ചാടിക്കടന്ന്, അടിവാരത്തിലെ അങ്ങാടിയില്‍ നിന്ന് അത്യാവശ്യ സാധനങ്ങളും വാങ്ങി തിരികെ നടക്കുന്നതിനിടെ മിന്നിമറഞ്ഞ മിന്നല്പിണരിനെ പിന്തുടര്‍ന്നെത്തിയ ഇടിമുഴക്കത്തോടൊപ്പമാണ് പിന്നില്‍ നിന്നരോ വിളിച്ചു പറയുന്നതവന്‍ കേട്ടത്, പ്രളയത്തിലേയ്ക്കിനി നടക്കാനുള്ള ദൂരമേയുള്ളൂവെന്ന്…“പ്രളയത്തിലേയ്ക്കിനി….”

July 16, 2007

ഘോഷയാത്ര

“എന്റെ ദുഖം സ്വന്തമായി ഒന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്.
വിശപ്പിനും മുന്നെ വേദനയാണെന്നെ കരയാന്‍ പഠിപ്പിച്ചത്..
ഭയം എന്താണെന്ന് പറഞ്ഞുതന്നത് വെളിച്ചമാണ്..ബോധം തെളിച്ചുതന്നത് ഇരുട്ടും..
എന്താണ് വാക്കുകളെന്ന് ഇനിയുമാരും പഠിപ്പിച്ചിട്ടില്ല!“

സിദ്ധാര്‍ത്ഥന്‍ പുലമ്പിക്കൊണ്ടേയിരുന്നു..
“എന്റെ ദുഖം സ്വന്തമായി ഒന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്..”

നേരം സന്ധ്യയോടടുക്കുന്നു..ഉണങ്ങിത്തുടങ്ങിയ ആല്‍മരത്തിനു ചുറ്റും ആളുകള്‍‍ കൂടിവരികയാണ്.
സിദ്ധാര്‍ത്ഥന്‍ അവിടെയാണിരിക്കുന്നത്..പുരുഷാരത്തിനു നടുവില്‍..അവന്‍ പുലമ്പിക്കൊണ്ടേയിരുന്നു..എന്നത്തേയും പോലെ!

സത്യാന്വേഷികളായ വിശ്വാസികളും അവിശ്വാസികളും മലയടിവാരത്തിലെ ഉണങ്ങിത്തുടങ്ങിയ ആല്‍മരത്തിനു ചുവട്ടിലേയ്കു പ്രവഹിക്കുകയാണ്..അവിടം ഒരു ജനസമുദ്രമായി മാറിയിരിക്കുന്നു..

പുതിയതായി അവനെ കാണാനെത്തിയവര്‍ക്ക് അഭിപ്രായങ്ങല്‍ പലതാണ്:
“മഹാ ജ്ഞാനിയായിരിക്കും”,
“സിദ്ധന്‍”
“ജഗദ്ഗുരു”
“പരമസാത്വികന്‍”
“ഹേയ്! വെറും ഭ്രാന്തന്‍”

സിദ്ധാര്‍ത്ഥന്‍ ഇതൊന്നും തന്നെ കേല്‍ക്കുന്നുണ്ടായിരുന്നില്ല. അവന്‍ എന്നത്തേയും പോലെ ദു:ഖത്തിലാണ്.
“പ്രഭോ..” ഒരു ഭക്തന്‍ എഴുന്നേറ്റു.
“അങ്ങേന്താണീ പറയുന്നത്? ഇവിടെ ഇതുപോലെ വിശപ്പും ദാഹവും സഹിച്ച്, മഴയും വെയിലും കൊണ്ട് അചന്ചലനായി ഉപവിഷ്ഠനാകുവാന്‍ അങ്ങ് സ്വയം പഠിച്ചതല്ലേ?”

“അപ്പോള്‍ പിന്നെ നിങ്ങളുടെ പ്രതീക്ഷകള്‍ മറ്റെന്താണ് എന്നെ പ്ഠിപ്പിച്ചത്?” സിദ്ധാര്‍ത്ഥന്‍ തിരികെ ചോദിച്ചു.
“ഗുരോ, കണ്ണും മനസ്സുമടച്ച്, കാഴ്ചകള്‍ക്കുമപ്പുറത്തെ അലൌകിക ലോകങ്ങളില്‍ വിഹരിക്കുവാന്‍ അങ്ങ് സ്വയം പഠിച്ചതല്ലേ?” മറ്റൊരു ഭക്തന്‍ ചോദിച്ചു.
“കല്ലുകള്‍ അതാണെന്നെ പഠിപ്പിച്ചത്” സിദ്ധാര്‍ത്ഥന്‍.

“സ്വന്തമായി ഒന്നും പ്ഠിച്ചിട്ടില്ലെന്ന് താങ്കള്‍ സ്വയം പഠിച്ചതല്ലെ?” ഒരുവിശ്വാസി വിജയഭാവത്തില്‍ ചോദിച്ചു.

“അല്ല, നിഴലുകളാണെന്നോടതു പറഞ്ഞത്” സിദ്ധാര്‍ത്ഥന്‍.

മൌനം..

സിദ്ധാര്‍ത്ഥന്‍ വീണ്ടും പുലമ്പുവാന്‍ തുടങ്ങി….
“സ്വന്തമായി ഒന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്……”

ഇരുള്‍ വീണുതുടങ്ങിയിരിക്കുന്നു…കുറവന്മലയിറങ്ങിവന്ന കാറ്റിന് രക്തവും കര്‍പ്പൂരവും കലര്‍ന്ന ഗന്ധമായിരുന്നു.

“ഗുരോ, എന്താണ് സത്യം?” ഭക്തന്‍

“കറുപ്പില്‍ നിന്നും വെളുപ്പിലേയ്ക്
വെളുപ്പില്‍ നിന്നും കറുപ്പിലേയ്ക്
ഇടയിലെവിടെയൊ ചുവപ്പ്,
പച്ചയും മഞ്ഞയും….” സിദ്ധാര്‍ത്ഥന്‍

മുഷിഞ്ഞ വസ്ത്രം ധരിച്ച്, താടിയും മീശയും മുടിയും നീട്ടിവളര്‍ത്തിയ ഒരു മെലിഞ്ഞ പയ്യന്‍ എഴുന്നേറ്റു. “നിങ്ങല്‍ ജ്ഞാനിയെങ്കില്‍ പറയുക, എന്താണ്‍ വിപ്ലവം?”

“വിശപ്പ്“ സിദ്ധാര്‍ത്ഥന്‍
അവന്‍ തൃപ്തനായെന്നു തോന്നുന്നു..

വീണ്ടും മൌനം..
സിദ്ധാര്‍ത്ഥന്റെ പുലമ്പല്‍..

ഇരുളിന്റെ സ്വാതന്ത്ര്യം സീമകളിലേയ്ക്കു വളര്‍ന്നു..
പുതിയ ലംഘനങ്ങളിലൂടെ പുതിയ അതിര്‍ത്തികളിലേയ്ക് അതു വീണ്ടും വളര്‍ന്നുകൊണ്ടേയിരിന്നു..

ചിരപരിചിതനായ ഒരു സുഹൃത്തിനെപോലെ നിദ്ര സിദ്ധാര്‍ത്ഥനെ തഴുകി..
അവര്‍ ആലിംഗനബ്ദ്ധരായി..

ഉറക്കത്തിലെപ്പോഴോ സിദ്ധാര്‍ത്ഥന്‍ ഒരു കവിത കേട്ടു..

“പിച്ചിച്ചീന്തിയ പൂവിതളുകള്‍ കൊണ്ട്
എന്റെയീ മരിച്ച ഹൃദയം
മറവുചെയ്യുക
പിന്നെ
ബലമുള്ള തഴുതുകളിട്ട് എന്റെ
വര്‍ത്തമാനത്തെ നീ തന്നെ ബന്ധിക്കുക!
ഒടുവില്‍,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍,
എന്റെ ചിതയില്‍ നിന്നു പുനര്‍ജ്ജനിക്കുന്നത്
നിന്റെ കാഴ്ചയാവട്ടെ!“

സിദ്ധാര്‍ത്ഥന്‍ വീണ്ടുമുറങ്ങി..പിന്നീടെപ്പോഴോ അവന്റെ (ഉപ)ബോധത്തിലേയ്ക് ഒരശരീരിയെത്തി:
“നിന്റെ ജനാലയ്കപ്പുറത്തെ വേഗക്കാഴ്ചകളില്‍
യുദ്ധവും രക്തവും കണ്ണുനീരും കണ്ട് നീ മടങ്ങുമ്പോള്‍‍
വഴിയമ്പലങ്ങളീല്‍ നിനക്കായി കാത്തിരുന്ന നിന്റെ മക്കള്‍‍ക്ക്
ഇത്തിരി വിശപ്പു നല്‍കുക”

അവന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു…

നിലാവും നക്ഷത്രങ്ങളുമുള്ള ഒരു (?) രാത്രിയ്കു ശേഷം അവനുണര്‍ന്നത് ഒരു ശവപ്പറമ്പിലേയ്ക്കായിരുന്നു. അവിടെ മരിച്ചവരുടെ ശവകുടീരങ്ങളില്‍ നിന്നും നിറങ്ങളുടെ ഘോഷയാത്ര പോകുന്നതവന്‍ കണ്ടു.
ഘോഷയാത്രയില്‍ ഒടുവിലത്തെയാളായി
സിദ്ധാര്‍ത്ഥനും ചേര്‍ന്നു..

June 16, 2007

ഒരു കണ്ണാടികഥ..

കണ്ണാടിയിലേയ്കു മുഖം തിരിച്ചപ്പോള്‍ അയാള്‍ കണ്ടത്
ഒരു നിഴല്‍ രൂപമായിരുന്നു..
കണ്ണുകളും, പുരികങ്ങളും തെളിയാതെ,
മൂക്കും, ചുണ്ടും, ചെവികളും തെളിയാതെ,
വെറുമൊരു നിഴല്‍രൂപം!
അയാള്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചു..
താനിപ്പൊഴും സുന്ദരനാണ്..!

June 6, 2007

ഒരു പൂവിനെപ്പറ്റി...

നക്ഷത്രങ്ങള്‍ തെളിഞ്ഞത്,
നിശാഗന്ധികള്‍ വിരിഞ്ഞു-
വാടിയതിനുശേഷമുള്ള
രാത്രിയിലായിരുന്നു…

ചുവന്ന റോസാപൂവുകള്‍ക്ക്
ചോരമണം വന്നുതുടങ്ങിയതു-
പിന്നീടാണ്;
കറുത്ത പെണ്‍കുട്ടിയിടെ
ഹൃദയത്തില്‍ നിന്നും
എന്നെന്നേയ്കുമായ്-
അടര്‍ന്നുവീണ‍ശേഷം!

അന്ന്
കാറ്റുണ്ടായിരുന്നതേയില്ല;
മഴയും!

ഇതളുകളില്‍ തട്ടിവീണവരൊക്കെയും
മേല്‍ വിലാസം മറന്നവരായിരുന്നു.
തോട്ടം സൂക്ഷിപ്പുകാരന്‍
അവധിയിലയിട്ട് നാളുകളേറീ-
യായിരിക്കുന്നു..
നിയമനം കാത്തു പുറത്തു നിന്നവര്‍
സമ്മേളനത്തിന്റെ തിരക്കിലും..

അടര്‍ന്നുവീണു ചിതറിത്തെറിച്ച
പൂവിതളുകളിലേയ്ക്
പാഞ്ഞുകയറിയ വണ്ടിച്ചക്രങ്ങള്‍
പൂക്കച്ചവടക്കാരുടേതയിരുന്നെന്ന്
ഓടിക്കൂടിയവര്‍ക്കെല്ലാമറിയാമായിരുന്നു

എങ്കിലും
സാക്ഷി പറയാന്‍
ആരുമുന്ണ്ടായിരുന്നില്ലത്രെ!

തെളിവുകള്‍ നീണാല്‍ വാഴട്ടെ!

ഞാന്‍

എത്ര കാതം നടന്നെന്നറിയുമോ-
കൈപിടിച്ചൊപ്പം നടക്കുവാനാ-
രുമില്ലാതെ ഞാന്‍,
അഗ്നിച്ചിറകുകള്‍ വീശി-
പ്പറന്നുപോയ് സ്വപ്നങ്ങള്‍,
നെഞ്ചില്‍ ചുടുചോര കിനിയുന്ന
മുറിവേ ബാക്കി...