September 21, 2015

ഒരു സ്വാതന്ത്ര്യപ്രഖ്യാപനം..


ഇതു കേള്‍ക്കൂ,

സത്യം!

എന്റെയീ വര്‍ത്തമാനം
നാളെയില്‍ മായ്ക്കപ്പെടേണ്ട
ചില രേഖാചിത്രങ്ങള്‍ മാത്രമാണ്...
അടയാളങ്ങളുടെ ആയുസ്സ്
മഴയുടേയും മറവിയുടേയും
കയ്യില്‍ ഭദ്രം!


കേള്‍ക്കൂ,

മരണത്തിറ്റ്നെ സ്വാതന്ത്ര്യ പ്രഖ്യാപനം


നിങ്ങളുടെ

പോസ്റ്റ് മാര്‍ട്ടം ടേബിളില്‍

രൂപപ്പെടലുകള്‍ കാത്ത്

ചുവക്കെച്ചിരിച്ചിരിക്കുന്ന

സ്മൃതിപിണ്ഡമാവാന്‍ ഞാനെന്നെ

ബാക്കിവയ്ക്കുകയേയില്ല;

നിശ്ചയമായും ശൂന്യതയുടെ

അനന്ത സാധ്യതകളിലേയ്ക്ക്

ഞാനെന്നെ തുറന്നുവിടുകതന്നെ ചെയ്യും!


കണ്ണുകള്‍

ഒരത്തിമരം പോലെയും,

കാഴ്ചകള്‍ പഴുത്തു തുടുത്ത

അത്തിപ്പഴങ്ങളായും തോന്നിയ

ദിനാന്ത്യത്തിലാണ്

നിറങ്ങളെ ഞാന്‍ പ്രണയിച്ചു

തുടങ്ങിയതെന്ന് ഒരു നിഴല്‍

എനിക്കു യാത്രാമംഗളങ്ങള്‍ നേരും


ചരിത്രാതീതമായൊരു

പ്രണയകാലത്തിലേയ്ക്കു

വിരിച്ചു പിടിച്ച ചിറകുകളില്‍

നിന്നും പറന്നുപോയതാണെന്റെ

തൂവലുകളെന്ന്

ജനാലയ്ക്കു പുറത്തെ

പക്ഷി മൂളും


എനിക്കും നിനക്കുമിടയില്‍

മറന്നുവച്ച മൌനം

പ്രണയമായിരുന്നെന്ന് നീ പറയവേ

പൂക്കള്‍ അസ്ഥികളായി കൊഴിഞ്ഞുവീണ്

എനിക്കായി ചിരിക്കും


പെണ്ണേ,

അവസാനത്തേതിനു

തൊട്ടുമുമ്പുള്ള ഈ രാവില്‍

കണ്ണുനീര്‍ത്തുള്ളീകള്‍ക്കു പകരം

നീയെനിക്കിത്തിരി ലഹരി പകരുക,

നിന്റെ മാറിടത്തിനു കുറുകെ

ഞാനൊരു പുഴയെ അടയാളപ്പെടുത്തുകയും

തപ്ത മേഘങ്ങള്‍ ആകാശത്തെ

നഗ്നമാക്കുകയും ചെയ്ത സന്ധ്യയില്‍,

പെയ്തൊഴിയാതെ പോയ

മഴയായിരുന്നു പ്രണയമെന്ന്

ഞാന്‍ നിന്നോടു പറയട്ടെ!


പെയ്തൊഴിയാതെ പോയ

മഴയായിരുന്നു

പ്രണയമെന്ന്...

ചില പരിചിത മണങ്ങള്‍...



ഗൃഹാതുരതയുടെ

കനത്ത നിശ്ശബ്ദതയിലേയ്ക്ക്

ചില പഴയ മണങ്ങള്‍
ചൂളംകുത്തിയെത്തുകയാണ്


കനത്ത പുകച്ചുരുളുകള്‍ പോലെ

മഞ്ഞുപെയ്ത ഒരു പകലില്‍,

യൂക്കാലിപ്റ്റസ് തൈലം മണക്കുന്ന

രോമക്കുപ്പായത്തില്‍ തുടങ്ങി

മഴപ്പെരുക്കത്തില്‍

മുങ്ങിത്താണുപോയ

മറ്റൊരു പകലില്‍ നിന്നും

നനഞ്ഞൊട്ടിയിറങ്ങിപ്പോയ

മുല്ലപ്പൂമണം വരെ..


എത്ര രാത്രികള്‍,

പിന്നിലേയ്ക്കെത്ര പകലുകള്‍..


ആദിബോധത്തിന്റെ

ഊഷ്മളതയിലേയ്ക്ക്

ആദ്യത്തെ കാറ്റു കൊണ്ടുവരിക

മുലപ്പാലിന്റെ മണം തന്നെയാവണം!


പിന്നെ മടക്കമാണ്..


ഇഴകള്‍ പിരിഞ്ഞ്

തന്മാത്രകളേയും അണുക്കളേയും

കുടഞ്ഞെറിഞ്ഞ്

ആദിഗന്ധത്തിന്റെ

മഹാശൂന്യതയിലേയ്ക്ക്..