September 21, 2015

ചില പരിചിത മണങ്ങള്‍...



ഗൃഹാതുരതയുടെ

കനത്ത നിശ്ശബ്ദതയിലേയ്ക്ക്

ചില പഴയ മണങ്ങള്‍
ചൂളംകുത്തിയെത്തുകയാണ്


കനത്ത പുകച്ചുരുളുകള്‍ പോലെ

മഞ്ഞുപെയ്ത ഒരു പകലില്‍,

യൂക്കാലിപ്റ്റസ് തൈലം മണക്കുന്ന

രോമക്കുപ്പായത്തില്‍ തുടങ്ങി

മഴപ്പെരുക്കത്തില്‍

മുങ്ങിത്താണുപോയ

മറ്റൊരു പകലില്‍ നിന്നും

നനഞ്ഞൊട്ടിയിറങ്ങിപ്പോയ

മുല്ലപ്പൂമണം വരെ..


എത്ര രാത്രികള്‍,

പിന്നിലേയ്ക്കെത്ര പകലുകള്‍..


ആദിബോധത്തിന്റെ

ഊഷ്മളതയിലേയ്ക്ക്

ആദ്യത്തെ കാറ്റു കൊണ്ടുവരിക

മുലപ്പാലിന്റെ മണം തന്നെയാവണം!


പിന്നെ മടക്കമാണ്..


ഇഴകള്‍ പിരിഞ്ഞ്

തന്മാത്രകളേയും അണുക്കളേയും

കുടഞ്ഞെറിഞ്ഞ്

ആദിഗന്ധത്തിന്റെ

മഹാശൂന്യതയിലേയ്ക്ക്..

No comments: