November 14, 2013

സച്ചിന്‍
----------
സച്ചിന്‍,
ഒരേ സമയം തന്നെ
നീ ഞങ്ങള്‍ക്ക്
മതവും ദൈവവുമായത്
ഏത് ഇന്നിംഗ്സിനു ശേഷമാണ്...
ഒരുപക്ഷെ
ക്രിക്കറ്റ്, ക്രിക്കറ്റിനുമപ്പുറം
ഒരു രാഷ്ട്രത്തിറ്റ്നെ വികാരവും
ഒരു ജനതയുടെ
അതിജീവന സ്വപ്നവുമായി
പരിണമിച്ചത്
ആ ഇന്നിംഗ് സിനു ശേഷമാകാം!

കോച്ചി വിറച്ചും
വെന്തുരുകിയും
നനഞ്ഞു കുതിര്‍ന്നും
വിശന്നും
ദാഹിച്ചും
ചുമച്ചും
പനിച്ചും
തെരുവുകളില്‍-
പുഴുക്കളെപ്പോലെ
നുരച്ചു നടന്ന
കുറെ മനുഷ്യര്‍ക്ക്
നിന്റെ കളിത്തികവിനാല്‍
നീ വിളമ്പിനല്‍കിയത്
ജന്മം നിറയുവോളം
ആത്മാഭിമാനമായിരുന്നു;
തോല്‍പ്പിക്കപ്പെടാന്‍ മാത്രമെന്നവണ്ണം
ജനിച്ചവര്‍ക്കായി
നീ കരുതിവച്ചത്
വലിയ വിജയങ്ങളുടെ
സൂത്രവാക്യങ്ങളായിരുന്നു.

കളിക്കളത്തില്‍
നീയായിരുന്നതൊക്കെയും
ഇതിഹാസമായിരുന്നെന്നിരിക്കെ
നീ പാഡണിയുന്ന
ഓരോ പുതിയ പ്രഭാതത്തിലും
ഞങ്ങള്‍ കാത്തിരുന്നു കണ്ടത്
ഇതിഹാസങ്ങളുടെ
നിര്‍മ്മിതീയായിരുന്നു.

ഒടുവില്‍,
പ്രീയ സച്ചിന്‍,
ആ ദിവസവും വന്നെത്തുകയാണ്;
കലണ്ടറില്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഞങ്ങള്‍ ആഗ്രഹിച്ച ദിവസം..
ഇല്ല,
ഇല്ല സച്ചിന്‍
ഞങ്ങളുണ്ടാവില്ല,
നവംബറിലെ ഈ തണുത്ത സന്ധ്യയില്‍
അവസാനത്തെ ഇന്നിംഗ്സും കളിച്ച്
പവലിയനിലേയ്ക്കു
നീ മടങ്ങുന്നതു കാണാന്‍ ഞങ്ങളുണ്ടാവില്ല

ഞങ്ങളുടെ മൈതാനങ്ങളില്‍
പാഡണിഞ്ഞു നീയുണ്ടാവണം..
പ്രാര്‍ത്ഥനകള്‍ പോലെ
നിനക്കായ് മുഴക്കപ്പെടുന്ന
ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവില്‍
കടലാഴങ്ങളെ ബാറ്റിലേയ്ക്കാവാഹിച്ച്,
സാഗര ശാന്തതയ്ക്കു മുഖം നല്‍കി
നീയുണ്ടാവണം,
അതിര്‍ത്തിരേഖയ്ക്കപ്പുറത്തെ
മോക്ഷ പഥങ്ങള്‍ തേടി-
ചീറിപ്പാഞ്ഞു വരുന്നുണ്ട്,
ഒരു ചുവന്ന പന്ത്,
ഒരു വെളുത്ത പന്ത്,
സ്വപ്നങ്ങള്‍ പോലെ ഒരായിരം പന്തുകള്‍!

No comments: