November 14, 2013

ഒരു വെളിപാട് കവിത
---------------------

ചിലതെല്ലാം ഇപ്പോഴും

അങ്ങനെയൊക്കെത്തന്നെയാണ്

ചില വാക്കുകളെയെങ്കിലും പോലെ

നെഞ്ചു പിളര്‍ക്കട്ടേയെന്ന്,

എല്ലാ യുദ്ധങ്ങളേയും പോലെ

മൃതിയടയട്ടേയെന്ന്

മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കും!

തകര്‍ക്കപ്പെട്ടവന്റെ

തച്ചുശാസ്ത്രം

വ്യഭിചരിക്കപ്പെട്ട

ചരിത്രം പോലെയെന്ന്

പരിഭവിച്ച്,

തലകുനിച്ച്

മുഖം കറുത്ത്

മനം മടുത്തവര്‍ക്ക്

ഞാനൊരു മാതൃക തീര്‍ക്കുന്നുണ്ട്,

-ഒക്കെയുമൂരിയെറിഞ്ഞ്,

അട്ടഹസിച്ച്

കുടിച്ച്

മദിച്ച്

മരിച്ച്

മലര്‍ന്ന്

ഒരു വരയായും

പിന്നൊരു വരിയായും

തെളിഞ്ഞു മറഞ്ഞ്,

ഒടുവുലൊരൊടുക്കത്തെ

പുളച്ചിലിലൂടെ

ജനിക്കുന്ന ഒരുഗ്രന്‍ മാതൃക!

ചില നിമിഷങ്ങളെങ്കിലും

അങ്ങനെയൊക്കെയാണ്,

മുറിവുകള്‍ പോലെ

മധുരിച്ച്,

മുറിവുകള്‍ പോലെ

കലഹിച്ച്,

തകര്‍ത്തും തളര്‍ത്തിയും

കടന്നുപോകുന്നവ..

ഞാന്‍ എന്നത്,

ആ നിമിഷത്തിന്റെ പൂക്കളത്രെ!

No comments: