October 24, 2016

മണ്‍ പ്രതിമകള്‍


അവധി ദിനങ്ങള്‍
വെയില്‍ കാഞ്ഞിരിക്കുന്ന 
വഴിവക്കിലാണ്
സാധാരണ നീയെന്നെ
ഇറക്കിവിടാറ്...
പഴകിപ്പോയ മണ്‍പ്രതിമകള്‍
വില്‍ക്കാന്‍ വച്ചിരിക്കുന്ന
കടയ്ക്കരികില്‍!
മഞ്ഞുകാലത്തിലേയ്ക്ക്
നീട്ടിവളര്‍ത്തിയ
ശുഷ്കിച്ച ശിഖരങ്ങള്‍ പോലൊരുടലില്‍
മടങ്ങും മുന്നേ വേനല്‍ ചുംബിച്ച
ഇലകളെപ്പോലെയാണ്
കണ്ണുകളെന്ന്
അന്നേരമൊക്കെ
നീ ഭാവിക്കുന്നുണ്ടാവും!

പിന്നെയൊരു കുതിപ്പാണ്..
വലിയ കള്ളങ്ങളുടെ
കപ്പല്‍ച്ചാലുകള്‍
താണ്ടിയൊരൊറ്റപ്പറക്കല്‍
നിര്‍ദ്ദയതയുടെ
കടല്‍മുഴക്കങ്ങളിലുരച്ച്
വൈരം കൂർപ്പിച്ച ചുണ്ടിടകളില്‍
അപ്പോഴുമുണ്ടാവും,
ചുവപ്പിറ്റിച്ചൊരു മുഷ്ടിവലിപ്പം..
പക്ഷിവേഗം താണ്ടിയ
ഗഹനപാതയുടെ മറ്റൊരറ്റത്ത്
തുടര്‍ച്ചകളുടെ
ത്രിമാന രൂപമാര്‍ന്ന്
കാത്തിരിക്കുന്നവരുടെ
രോമക്കുപ്പായത്തിനുള്ളിൽ
മറ്റൊരു കാലമായി
മറ്റൊരു ഞാന്‍
പ്രവര്‍ത്തിദിനത്തിലേയ്ക്കുള്ള മടക്കവണ്ടിയില്‍
നീയിരിക്കുന്ന ജനാലയ്ക്കു പുറത്ത്
മണ്‍ പ്രതിമകള്‍ വില്‍ക്കുന്ന
പഴയൊരു കച്ചവടക്കാരനുണ്ട്
അയാള്‍ക്കും പിന്നിലായി
പൊട്ടിമുളച്ചു ചുവക്കുന്നുണ്ട്;
പുതിയൊരു ഹൃദയം!

വേനല്‍

വേരുകള്‍..
നശിച്ച വേരുകള്‍!

*** *** ***
തീര്‍ച്ചയായും
അയാല്‍ തന്നെയായിരുന്നു
ഇന്നലത്തെ സ്വപ്നത്തിലും വന്നത്..
വില്‍ക്കാന്‍ വച്ചിരിക്കുന്ന ചന്ദനത്തിരികള്‍ക്കിടയിലൂടെ
ആ മുഖം വ്യക്തമായി-
ത്തന്നെ കണ്ടതാണ് !
മരിച്ചവര്‍
സ്വര്‍ഗ്ഗത്തിലെ
ചന്ദനത്തിരിവില്‍പ്പനക്കാരാവുമെന്ന്
ഏതു കഥയിലെ
മുത്തശ്ശിയാണ് പറഞ്ഞത്?!
കടലിലേയ്ക്ക്
നീണ്ടുപോയൊരു കാറ്റിന്റെ
ഇങ്ങേത്തലയ്ക്കല്‍
മീനുകള്‍ക്കൊപ്പം
നീന്തിപ്പോയൊരു
കറുത്ത ചെക്കന്റെ
ചിത്രമുണ്ടായിരുന്നു;
ചുകന്ന ചെകിളപ്പൂവുകള്‍
തെളിഞ്ഞു നിന്ന
ചിത്രം!
എനിക്ക്
മടങ്ങേണ്ടത്, പ്രണയമേ-
കാറ്റിലേയ്ക്കും കടലിലേയ്ക്കുമല്ലെന്ന്
നിന്നോടു പറഞ്ഞ-
രാവിനുമേറെ മുന്നേ
നീയെനിക്കായി പറഞ്ഞുവച്ചിരുന്ന
മീസാന്‍ കല്ലുകളില്‍,
ഞാന്‍ കടന്നു പോയ കാലം,
ഒറ്റച്ചിറകു മാത്രമുള്ളൊരു-
പക്ഷിയുടെ രൂപത്തില്‍
നീ കൊത്തിവയ്ക്കുക!
*** *** *** ***
ഇല്ല,
ചോര പൊടിഞ്ഞാലും
വേണ്ടില്ല!
ഇനിയുമുണരുന്നതിന്‍ മുന്നേ-
യിവിടെ ഞാനൊന്നൊറ്റയ്ക്കിരിക്കട്ടെ,
എനിക്കു മീതേ
വേനല്‍
മുളച്ചു പൊന്തട്ടെ...
വേനല്‍
മുളച്ചു
പൊന്തട്ടെ!

ചിതയിലേയ്ക്ക്...


ശ്മശാനത്തിലേയ്ക്കുള്ള വഴിയില്‍
നീയും ഞാനും

തെരുവുവിളക്കുകള്‍ കത്തുന്നതേയുള്ളൂ
തമ്മിലൊരു-
തോള്‍പ്പൊക്കത്തിന്റെ ദൂരം
നീയുടുത്തുകാണാന്‍ കൊതിച്ചിരുന്ന
ചുവന്ന പട്ട്
ഞാന്‍ പുതച്ചിരിക്കുന്നു

-ഒരിക്കല്‍
നമുക്കിടയില്‍
മറകളില്ലായിരുന്നെന്ന്
ചൂളം കുത്തുന്നുണ്ട്, ഒരു കള്ളം! -

എന്റെ ഭാരം
ഹൃദയത്തില്‍ നിന്നും
തോളിലേയ്ക്കെടുത്തുവച്ചത്
നീയറിഞ്ഞിട്ടേയുണ്ടാവില്ല!
ഒരിക്കല്‍
ഇതേപോലൊരു രാത്രിയില്‍
നമ്മളൊന്നിച്ചു പുതച്ചിട്ടുണ്ട്
ഇതേ ചുമപ്പ്!
അന്ന് ചന്ദനത്തിരികള്‍ക്കുപകരം
മുല്ലപ്പൂ മണത്തിരുന്നു..

ശ്മശാനത്തിനു
മുന്നില്‍ നിന്ന്
നീയിപ്പോ
വസന്തം ബാക്കിവച്ച
പൂവുകളെ സ്വപ്നം കാണുകയാവും..

ചുമന്നു വിടര്‍ന്ന പൂവുകളെ
ഒരു പക്ഷേ
വന്‍ കരകളുടെ പേരുനല്‍കി വിളീച്ചിട്ടുണ്ടാവും നീ
-ഏഴു പൂക്കള്‍
-ഏഴു വന്‍ കരകള്‍..

ശേഷിച്ചവയ്ക്ക്
നീ കടലുകളുടെ പേരുകളാവും നല്‍കുക!
-അഞ്ചു പൂവുകള്‍
-അഞ്ചു സമുദ്രങ്ങള്

ഞാനല്‍ഭുദപ്പെടുന്നത്
എന്നിലേയ്ക്കു
തീ പടര്‍ന്നു തുടങ്ങുന്ന നിമിഷത്തെ
ഏതു പേരുചൊല്ലി
നീ വിളിക്കുമെന്നാണ്,
എന്നിലേയ്ക്ക് തീ പടര്‍ത്തുക
ഏതു വാക്കെരിച്ചാവുമെന്നാണ്!

ജ്വാലകള്‍ കനലുകളാവുകയും
കനലുകള്‍ ചാരമാവുകയും ചെയ്യുക
നീ തിരികെപ്പോയതിനു ശേഷമാവും
ഞാനപ്പോ ഭയത്തിന്റെ
അവസാന കണികയുമെരിച്ചു
കളഞ്ഞ്
ജല രൂപമാര്‍ന്ന്
വേരുകളിലേയ്ക്ക്
ചേക്കേറിയിരിക്കും!