August 19, 2013

ഒരു ഇരയുടെ കുമ്പസാരം


മിയാ കള്‍പാ, മിയാ കള്‍പാ
മിയാ മാക്സിമാ  കള്‍പാ...


ഹൃദയത്തോട് പ്രണയത്തേയും
കാഴ്ചകളില്‍ സ്വപ്നത്തേയും ചേര്‍ത്തുവയ്ക്കാതെ,
മൃതിയിടങ്ങളില്‍ എന്റെ ശിഥില-
വര്‍ത്തമാനത്തെ നിര്‍ദ്ദയം കൊരുത്തുവച്ച്
ഇരുള്‍വഴികളിലേയ്ക്ക് പിന്‍ വലിഞ്ഞത്
എന്റെ പിഴ...

വിശപ്പ് സ്വാതന്ത്ര്യത്തെ കൊന്നുതിന്ന
പകലുകളില്‍, തീ തുപ്പിയ യന്ത്രത്തോക്കുകള്‍ക്കു-
കീഴില്‍ കനത്ത മൌനം പുതച്ചു ചുരുണ്ടു-
കൂടിയ കാലത്ത്,
വചനങ്ങളുടെ  തുടര്‍ച്ച തെറ്റിച്ച്,
ലംഘനങ്ങളിലൂടെ, അതിവര്‍ത്തനത്തിന്റെ-
പുത്തനതിര്‍ത്തികള്‍ തീര്‍ത്ത് മുന്നേറാതിരുന്നത്
എന്റെ വലിയ പിഴ!

ഞാന്‍ ഉഷ്ണവും, തപ്ത മേഘങ്ങള്‍
അശരീരുമായ രാവില്‍, നിലാവു മുറിച്ചുകടന്ന്,
രുധിരപാനം ചെയ്ത നരാധമര്‍ക്ക്
കുരുശുമരണം വിധിയ്ക്കാതെ,
നീതിമാന്റെ മുള്‍ക്കിരീടമണിഞ്ഞ്
പള്ളിമണിമുഴക്കങ്ങള്‍ക്ക് കാതുകള്‍ നല്‍കി-
കാത്തിരുന്നത് എന്റെ പിഴ..

മയമാപിനികളില്‍,
കാലവേഗങ്ങള്‍ മറന്ന സൂചി-
ക്കറക്കങ്ങളില്‍,
 
ജീവതാളം മറന്നുവച്ച-
പാഴ് നിലങ്ങളില്‍
ഒരു ചിരാതിന്റെ ഇത്തിരിവെട്ടം പോലുമാവാതെ
മറവിയുടെ, വിധേയത്വത്തിന്റെ
മഹാശൈത്യ ശ ഗേഹങ്ങളില്‍
സുഖ സുഷുപ്തിയിലാണ്ടുണരാതുണരാ-
തിരുന്നത്  എന്റെ പിഴ, എന്റെ പിഴ...എന്റെ വലിയ പിഴ!

പോയകാലത്തിന്റെ ലിഖിതങ്ങള്‍ പേറുന്ന
സ്തുപ ശിലാതലങ്ങളില്‍,
ജീവാത്മകാര്യ ചതുഷ്ടയങ്ങളില്‍,
പിഴകളുടെ തീച്ചുമടിറക്കിവച്ചെന്റെ-
സത്വബോധം പുനര്‍ജ്ജനി തേടവേ,
നേരിടങ്ങളില്‍,
തീപടര്‍ത്തിയ ബോധക്രമങ്ങളില്‍
ഊര്‍ജ്ജശതരേണു പുഷ്പങ്ങള്‍ വിരിയവേ
ഇരകള്‍,
വെറുമിരകളായി വാഴ്വിന്റെ
നിരംബര നിറസഞ്ചയങ്ങളില്‍-
ജീവാധാര നിരാകരിഷ്ണുവായി വിസ്മൃതിയുടെ-
പടുബന്ധനത്തില്‍ പിടഞ്ഞമരട്ടെ...
നിദാന്ത വിസ്മൃതിയില്‍,
പിടഞ്ഞു..പിടഞ്ഞമരട്ടെ...

മിയാ കള്‍പാ, മിയാ കള്‍പാ
മിയാ മാക്സിമാ  കള്‍പാ...


1 comment:

Anonymous said...

നന്നായി എഴുതി ഹരി. കവിയുടെ ബോധമനസ്സിലെ വികാരവും വിചാരവും നഷ്ട ചിന്തകളും അപ്പാടെ പകര്‍ത്തിയിരിക്കുന്നു ... വായിക്കുന്നവന്റെ മനസ്സും അതിനൊപ്പം സഞ്ചരിക്കും .... വീണ്ടും വീണ്ടും എഴുതുക ...
കൂടുതല്‍ ഇഷ്ടപെട്ട വരി ...
ജീവതാളം മറന്നുവച്ച-
പാഴ് നിലങ്ങളില്‍
ഒരു ചിരാതിന്റെ ഇത്തിരിവെട്ടം പോലുമാവാതെ
മറവിയുടെ, വിധേയത്വത്തിന്റെ
മഹാശൈത്യ ശയന ഗേഹങ്ങളില്‍
സുഖ സുഷുപ്തിയാണ്ടുണരാതുണരാ-
തിരുന്നത് എന്റെ പിഴ, ഹസന്‍