August 11, 2007

മഴക്കാലത്തു കേട്ടത്..

മഴ..സൌന്ദര്യത്തിന്റെ സര്‍വ്വഭാവങ്ങളുമാവാഹിച്ച് ഭൂമിയുടെ ആത്മാവിലേയ്ക്കു പെയ്തിറങ്ങുന്ന മഴ.. ഇരുണ്ട ആകാശത്തെ കീറിമുറിച്ച് മറയുന്ന മിന്നല്‍ പിണരുകള്‍..മണ്ണിന്റെ ഗന്ധം..തവളകളോടു മത്സരിക്കാനെന്നവണ്ണം ഉറക്കെ കരയുന്ന ചീവീടുകള്‍..തണുത്തകാറ്റില്‍ ഇളകിയാടുന്ന തെങ്ങിന്‍ തളപ്പുകള്‍..കൂമ്പിപ്പോയ വാഴയിലകള്‍ക്കു കീഴിലിരുന്ന് ചിറകുകള്‍ കോതിയൊതുക്കുന്ന കാക്കകള്‍..മഴ..ഒരു പുണ്യം പോലെ ആത്മാവിലേയ്ക്കു പെയ്തിറങ്ങിക്കൊണ്ടേയിരുന്നു..മഴത്തുള്ളികള്‍ ചിതറിവീണുകിടക്കുന്ന നനഞ്ഞ വരാന്തയിലിരുന്ന് സിദ്ധാര്‍ത്ഥന്‍ അലസമായി മുറ്റത്തേയ്ക്കു നോക്കി..അവന്റെ കാതുകളില്‍ ആ വാക്കുകള്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു..ഉഷ്ണപകലുകളില്‍ നിന്നും അവന്‍ മോചിതനായത് ഇന്നലെ അസ്തമയത്തോടെ ആയിരുന്നു. ഗ്രീഷ്മാതിര്‍ത്തിയിലെ ഷൌരം ചെയ്യാത്ത കാവല്‍ക്കരനും, പൊടിപിടിക്കുകയും ചിതലരിക്കുകയും ചെയ്ത മരപ്പലകകള്‍ കൊണ്ടുള്ള ബഞ്ചുകളും, തുരുമ്പെടുത്ത പാളങ്ങളുമുള്ള ഒരു വൃത്തികെട്ട സ്റ്റേഷനില്‍ നിന്നാണ് സിദ്ധാര്‍ഥന്‍ മഴക്കാലത്തേയ്ക്കുള്ള തീവണ്ടി പിടിച്ചത്.ചൂട് തന്നിലെ അവസാന തുള്ളി ജീവാംശവും ഊറ്റിയെടുക്കുമെന്നു തോന്നിപ്പോയ ഘട്ടത്തിലാണ് ഈ നശിച്ച കാലം വിടണമെന്ന് അവന്‍ തീരുമാനിച്ചത്! പുതിയ കാലത്തിലേയ്ക്ക് ചേക്കേറാന്‍ നിശ്ചയിച്ചപ്പോള്‍ ആകെ ചിന്താക്കുഴപ്പമായിരുന്നു. പുതിയ വീട് വസന്തത്തിലോ ശിശിരത്തിലോ വേണമെന്നാണ് ആദ്യം തോന്നിയത്. വാടിയ പൂക്കളെപ്പറ്റിയും, പിന്നെ ചിലവുകളെപ്പറ്റിയും ഓര്‍ത്തപ്പോള്‍ വസന്തം വേണ്ട എന്നു തീരുമാനിച്ചു. ശിശിരത്തിലേയ്ക്കു പോവേണ്ട എന്നു പറഞ്ഞത് ആത്മസുഹൃത്തായ കണ്ണാടിയാണ്!റെയില് വേ സ്റ്റേഷനിലേയ്ക്കു നടക്കുമ്പോഴും സംശയമായിരുന്നു, ഏതു വണ്ടിയാണ് പിടിക്കേണ്ടത്?..ഒടുവില് വഴിയരികിലെ ആത്മാവു വില്‍പ്പനക്കാരനാണു പറഞ്ഞത്, രാത്രിവണ്ടികളിലാദ്യത്തേത് മഴക്കാലത്തിലേയ്ക്കണെന്ന്.. അതുകൊള്ളാമെന്ന് സിദ്ധാര്‍ത്ഥനും തോന്നി. വറ്റിവരണ്ട മനസ്സിലേയ്ക്ക്, മനസ്സിന്റെ നിത്യ ദാഹത്തിലേയ്ക്ക് കുളിരുമായി പയ്തിറങ്ങുന്ന മഴമേഘങ്ങളെ അവന്‍ സ്വപ്നം കണ്ടു.
അതെ! പുതിയവീട് മഴക്കാലത്തുതന്നെ. അവന്‍ തീരുമാനമെടുത്തു. മാര്‍ഗ്ഗം കാട്ടിയതിനു നന്ദി സൂചകമായി മഴക്കാലത്തിലേയ്ക്കു പറ്റുന്ന ഒരാത്മാവ് അവനും വാങ്ങി. പകരമായി ഗ്രീഷമത്തിലെ ആത്മാവൊഴികെ എന്തും സ്വീകരിക്കാമെന്ന് കച്ചവടക്കാരന്‍ പറഞ്ഞപ്പോള്‍ ചെറുപ്പം മുതല്‍ കൂടെയുണ്ടായിരുന്ന ഘടികാരം ഉപേക്ഷിക്കുവാന്‍ തന്നെ‍ തീരുമാനിച്ചു. പിന്നെ അവന്‍ നടന്നില്ല. റിക്ഷാസ്റ്റാന്‍ഡില്‍ നിന്ന്, ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരന്റെ സൌന്ദര്യമുള്ള വണ്ടിയില്‍ കയറി സിദ്ധാര്‍ത്ഥന്‍ തീവണ്ടിയാപ്പീസിലെത്തി. റിക്ഷാക്കരനു പകരം നല്‍കിയതു പൊട്ടാറായ കണ്ണടയായിരുന്നു (മഴക്കാലത്തെ കാഴ്ചകള്‍ തനിക്കു നേരിട്ടുകാണാനവുമെന്ന് പുതിയ ആത്മാവ് അവനോടു പറഞ്ഞിരുന്നോ?!)കറുത്ത പുക തുപ്പി, നീണ്ട ചൂളം വിളിയോടെ മഴക്കാലത്തിലേയ്ക്കുള്ള വണ്ടി വലിയ ഒരു കുലുക്കത്തേടെ ഞരങ്ങി നീങ്ങിത്തുടങ്ങിയപ്പോഴേയ്ക്കും സിദ്ധാര്‍ത്ഥന്‍ ഉറക്കത്തിലേയ്ക്കു വഴുതിവീണിരുന്നു. ഉണര്‍ന്നത് പുലര്‍ച്ചെ ഇവിടുത്തെ സ്റ്റേഷനിലാണ്. രത്രിമുഴുവന്‍ തോരാതെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയ്ക്കു ശേഷം, ഇടവിട്ടു വീശിയിരുന്ന ചെറിയ തണുത്ത കാറ്റേറ്റ്, വഴിയരികിലെ വാകമരങ്ങളില്‍ നിന്നും ചിതറിവീണ വെള്ളത്തുള്ളികളില്‍ നനഞ്ഞ്, കൊച്ചു പരല്‍ മീനുകള്‍ ധാരാളമുള്ള വെള്ളക്കെട്ടിനരികിലൂടെ, മഴമേഘങ്ങള്‍ക്കു കീഴിലെ പുതിയ വീട്ടിലെത്തിയപ്പൊഴേയ്ക്കും നല്ല വിശപ്പുണ്ടായിരുന്നു.വീടിനുമുന്നിലെ ചെറിയ നീര്‍ച്ചാലു ചാടിക്കടന്ന്, അടിവാരത്തിലെ അങ്ങാടിയില്‍ നിന്ന് അത്യാവശ്യ സാധനങ്ങളും വാങ്ങി തിരികെ നടക്കുന്നതിനിടെ മിന്നിമറഞ്ഞ മിന്നല്പിണരിനെ പിന്തുടര്‍ന്നെത്തിയ ഇടിമുഴക്കത്തോടൊപ്പമാണ് പിന്നില്‍ നിന്നരോ വിളിച്ചു പറയുന്നതവന്‍ കേട്ടത്, പ്രളയത്തിലേയ്ക്കിനി നടക്കാനുള്ള ദൂരമേയുള്ളൂവെന്ന്…“പ്രളയത്തിലേയ്ക്കിനി….”

5 comments:

അനില്‍ ഐക്കര said...

come on bhai.,
with new experiments!

മഴപ്പൂക്കള്‍ said...

ayyettaa njaan uzhunnu palaharam parcel aayi ayach tharamtto

Unknown said...

ഹായ് ഹരി ചേട്ടാ.... "മഴക്കാലത്തു കേട്ടത്..." ഗംഭീരം ആയിട്ടുണ്ട്‌.... എനിക്ക് വളരെ വളരെ ഇഷ്ടപെട്ടു‌.... ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു.....

Hari Raj | ഹരി രാജ് said...

അനിച്ചേട്ടാ, ആമ്പ്സേ, പേരറിയാത്ത സുഹൃത്തേ (പി.ബി.പി.), നന്ദി; ഇതുവഴി വന്നു പോയതിന്..

Anonymous said...

ഇത് വളരെ നന്നായിരിക്കുന്നു.....

ഹരിയ്ക്ക് അഭിനന്ദനങ്ങൾ.....

പ്രതിഭ