February 20, 2008

കടമായി ഒരു ഹൃദയം..

പിണക്കങ്ങളുടെ
യുഗസീമകള്‍ക്കുമപ്പുറത്ത്
ചോരപൊടിഞ്ഞൊരു ഹൃദയം
എനിക്കു കൈമോശം വന്നിരിക്കുന്നു!

ഉരുകിയൊലിച്ച്
എന്നേയും കടന്നുപോയ
സ്വപ്നങ്ങളുടെ വാല്‍ത്തുമ്പില്‍
കണ്ണുകള്‍ കൊരുത്തിട്ട്
നീയരികില്‍ത്തന്നെയുണ്ടാവണം.

വരാതിരിക്കില്ല;
മഴമേഘങ്ങളുടെ മറപറ്റിയ
ഒരു തണുത്ത ദിവസം..,
നമുക്ക് പരസ്പരം പുണര്‍ന്ന്,
മഴപ്പാട്ടിലലിഞ്ഞ്,
കമ്പിളിച്ചൂടിലുറങ്ങി,
ഇടിമുഴക്കങ്ങളില്‍ ഞെട്ടിയുണര്‍ന്ന്,
മിന്നല്‍ വെളിച്ചത്തില്‍
തമ്മില്‍ക്കണ്ട്,
ആകാശത്തേയ്ക്കു നോക്കിച്ചേര്‍ന്നിരിക്കാ-
നൊരു ദിവസം!

അന്ന്
നീയെനിക്ക്
മുള്ളുചുറ്റാത്തൊരു ഹൃദയം
കടം തരുമോ...??

2 comments:

Rajesh said...

മഴമേഘങ്ങളും ഇടിമുഴക്കവും...അതിനൊക്കെ നാട്ടില്‍ പോകേണ്ടേ ഹരിയളിയാ..നീ തല്‍ക്കാലം പൊടിമൂടിയ തണുപ്പു വെച്ച് അഡ്ജസ്റ്റ് ചെയ്യൂ..:P

തോന്ന്യാസി said...

താങ്കള്‍ക്കു മാത്രമല്ല ഈ ലോകത്തിനൊട്ടാകെത്തന്നെ ഹൃദയം കൈമോശം വന്നിരിക്കുന്നു...

കവിത മനോഹരമായിരിക്കുന്നു